കുമരകം: വേമ്പനാട്ടുകായലിൽ ചിത്തിര ഭാഗത്തുനിന്ന് അപൂർവ ഇനത്തിൽപ്പെട്ട മത്സ്യത്തെ ലഭിച്ചു. ബംഗാൾ മത്സ്യമായ അമ്പട്ടൻ വാളയ്ക്ക് സദൃശ്യമായ മത്സ്യത്തെയാണ് കുമരകം ഏഴാം വാർഡിൽ ആശാരിശേരി കണയാറത്തറ സഞ്ജയന് (48) ഇന്നലെ രാവിലെ ലഭിച്ചത്. രണ്ടരക്കിലോഗ്രാമിലധികം തൂക്കമുള്ളതാണ് ഈ മീൻ.
ജീവനാശ ഭീഷണി നേരിടാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്ന ഈ മത്സ്യത്തിന് ഗൂഗിളിൽ ഇന്ത്യൻ കത്തി മത്സ്യം, ഇന്ത്യൻ തൂവൽ മത്സ്യം, ചിതല എന്നൊക്കെയാണ് കാണുന്നതെങ്കിലും ചിറ്റാള എന്നാണ് ശാസ്ത്രനാമമെന്ന് കുമരകം കൃഷി വിഞ്ജാന കേന്ദ്രത്തിലെ ഫിഷറീസ് ശാസ്ത്രജ്ഞ ശാരി പറഞ്ഞു. ഈ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ ബംഗാളിൽനിന്നു കൊണ്ടുവന്ന് ഇപ്പോൾ കേരളത്തിൽ വളർത്തുന്നുണ്ട്.
ഫാമിൽനിന്നു ചാടി കായലിൽ എത്തിയതാകാമെന്നു കരുതപ്പെടുന്നു. നല്ല രുചിയുള്ള മത്സ്യമാണിത്. 30 വർഷമായി മത്സ്യബന്ധനം നടത്തുന്ന സഞ്ജയന്റെ ഭാര്യ നസ്രത്ത് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന ഉൾനാടൻ മത്സ്യസംഘത്തിന്റെ സെക്രട്ടറി വിന്ദ്യയാണ്. മക്കൾ അദ്വെെ്വത്, അനുഗ്രഹ.